നൈപുണ്യ വികസന അഴിമതി: നായിഡുവിന് ജാമ്യമില്ല

National

ഡല്‍ഹി: നൈപുണ്യ വികസന അഴിമതിക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി. ഹര്‍ജി ഒക്ടോബര്‍ 9 തിങ്കളാഴ്ചയിലേക്ക് മാറ്റി. ഹൈക്കോടതി രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം.

നൈപുണ്യ വികസന കുംഭകോണക്കേസിലെ എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ചന്ദ്രബാബു നായിഡു സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഇന്ന് ഏകദേശം 50 മിനിറ്റോളം നീണ്ടു നിന്ന ഹിയറിംഗില്‍ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ കേസിന് ബാധകമാണോ എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

എഫ്ഐആറില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങളും പരാമര്‍ശിക്കുമ്പോള്‍ 17എ ബാധകമാണോയെന്ന് ബെഞ്ച് ചോദിച്ചു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കോടതി ഹര്‍ജി ഒക്ടോബര്‍ 9 ലേക്ക് മാറ്റി. കേസില്‍ സെപ്റ്റംബര്‍ 9 നാണ് സംസ്ഥാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *