വംശീയ വിരുദ്ധ നിയമത്തിന് ബ്രസീല്‍ യുവതാരത്തിന്റെ പേര് നൽകി റിയോ സര്‍ക്കാര്‍. വംശീയാധിക്ഷേപം നടന്നാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അടക്കം ചൂണ്ടിക്കാണിക്കുന്ന നിയമത്തിന് വിനീഷ്യസ് ജൂനിയറിന്റെ പേരാണ് സർക്കാർ നൽകിയിരിക്കുന്നത്.
വംശീയ വിരുദ്ധ നിയമത്തിന് ‘വിനി ജൂനിയര്‍ നിയമം’ എന്ന് പേര് നല്‍കാമെന്ന് സര്‍ക്കാര്‍ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഫിഫയുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി വിനിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണിത്.
വംശീയ പരാമര്‍ശമുണ്ടായാല്‍ കായിക മത്സരങ്ങള്‍ പൂര്‍ണമായോ അല്ലാതെയോ നിര്‍ത്തിവെക്കാമെന്നതാണ് ‘വിനി ജൂനിയര്‍ നിയമം പറയുന്നത്. വംശീയ പരാമര്‍ശത്തിനെതിരെ നിര്‍ബന്ധിത വിദ്യാഭ്യാസ ക്യാംപയിനുകള്‍ നടത്താമെന്നും നിയമം നിര്‍ദേശിക്കുന്നുണ്ട്.
ഫുട്ബോൾ താരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വംശീയ അധിക്ഷേപം നേരിട്ട വ്യക്തിയാണ് വിനി ജൂനിയർ. കാണികളില്‍ നിന്ന് കുരങ്ങുവിളി ഉള്‍പ്പെടെ അസഹനീയമായ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരം മത്സരത്തില്‍ നിന്ന് കരഞ്ഞുകൊണ്ട് പിൻവാങ്ങിയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയാധിക്ഷേപങ്ങള്‍ തടയുന്നതിന് ഫിഫ വംശീയ വിരുദ്ധ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ തലവനായി വിനീഷ്യസിനെ തന്നെയാണ് ഫിഫ നിയമിച്ചത്.