ഹാലോ ഓർബിറ്റിൽ ഭ്രമണം തുടങ്ങിയ ആദിത്യ എൽ1 ന്റെ പ്രവർത്തനം തൃപ്തികരം. ഇലക്‌ട്രോണിക് സംവിധാനങ്ങളും സോഫ്‌റ്റ്‌വെയറും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഏഴു പരീക്ഷണ ഉപകരണവും സുസജ്ജമാണ്. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണബലം തുല്യമായ ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ശനിയാഴ്‌ച വൈകിട്ട് 4.11 നാണ് പേടകം എത്തിയത്. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷം ആവശ്യമെങ്കിൽ ഭ്രമണപഥം തിരുത്തുന്ന പ്രക്രിയ നടത്തും. പേടകത്തിലെ എട്ട് 22 ന്യൂട്ടൺ ത്രസ്റ്ററുകൾ ഉപയോഗിച്ചാണിത് ചെയ്യുക.
ഒരു സന്ദേശം ഭൂമിയിൽനിന്ന് പേടകത്തിലെത്താൻ അഞ്ച് സെക്കൻഡ് വേണം. പേടകത്തിലെ പരീക്ഷണ ഉപകരണങ്ങളിൽനിന്നുള്ള ആദ്യ ഡാറ്റ ഇവ വികസിപ്പിച്ച സ്ഥാപനങ്ങൾക്ക് കൈമാറി പരിശോധിപ്പിച്ചശേഷമാകും പൂർണമായി പ്രവർത്തിപ്പിക്കുക. ത്രിമാന രീതിയിൽ വ്യത്യസ്‌തമായ പഥത്തിൽ ലഗ്രാഞ്ച് പോയിന്റിനെ ചുറ്റുന്ന ആദിത്യ, ഭൂമിക്കൊപ്പം സൂര്യനെയും വലംവയ്‌ക്കുന്നുണ്ട്. ലഗ്രാഞ്ച് പോയിന്റിനെ ഒരു പ്രാവശ്യം വലവയ്‌ക്കാൻ 177.86 ഭൗമ ദിനം വേണം. ഭ്രമണത്തിനിടെ ചാഞ്ചാട്ട സാധ്യതയുള്ളതിനാൽ പഥം തിരുത്തൽ പതിവായി വേണ്ടിവന്നേക്കും. നൂറു കിലോഗ്രാം ഇന്ധനമാണ് പേടകത്തിലുള്ളത്. സൗരജ്വാലകളുടെയും മറ്റും ഭീഷണിയെ അതിജീവിക്കാനുള്ള സംവിധാനവുമുണ്ട്. അഞ്ചു വർഷമാണ് പ്രവർത്തന കാലാവധി.