ഇടുക്കി: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഇടുക്കി ജില്ലാ കളക്ടർക്ക് മുഖ്യചുമതല നൽകി പുതിയ ദൗത്യസംഘത്തെ നിയോഗിച്ച് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന തീരുമാനത്തെ സിപിഎം വിമർശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ഇടിച്ചു നിരത്തൽ അനുവദിക്കില്ലെന്ന് ജില്ലാ സിപിഎം പ്രഖ്യാപനം നടത്തിയിരുന്നു.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പ്രതികരണം. ദൗത്യസംഘം വന്നാലും ഒഴിപ്പിക്കാനൊന്നും നടക്കില്ല. ദൗത്യസംഘത്തിന്റെ അനിവാര്യതയൊന്നും മൂന്നാറിലില്ല. സിപിഎം പാര്‍ട്ടി ഓഫീസുകളെ കുറിച്ച് ഒരു ആശങ്കയും ഇല്ല. പട്ടയം നേരത്തെ ലഭിച്ച ഭൂമിയാണ് ഇതെല്ലാം. കയ്യേറ്റം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമാണ് ദൗത്യസംഘം വേണ്ടതെന്നും സിവി വർഗീസ് പറഞ്ഞു.