ഡൽഹി : ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പുരുഷന്മാർ ഒരു സ്ത്രീയെ വെടിവച്ചു കൊലപ്പെടുത്തി. 40 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത് . വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്ന യുവതി ദാദ്രിയിൽ നിന്ന് സൂരജ്പൂരിലേക്ക് പോകുന്ന വഴിക്കാണ് കൊല്ലപ്പെട്ടത്.
രാവിലെ എട്ടരയോടെയാണ് വെടിവെപ്പ് നടന്നത്. രാജ്കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് കാരണം യുവതിയുടെ സഹോദരി ആണെന്ന് ഇവരുടെ മകൾ മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയും സഹോദരിയും തമ്മിൽ പണമിടപാടിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു.
രാജ്കുമാരിയുടെ സഹോദരി ഹരിയാനയിലെ പൽവാൽ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. സഹോദരിമാർ തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു. സഹോദരി രാജ്കുമാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് കൊല്ലപ്പെട്ട യുവതിയുടെ മകൾ നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ ദാദ്രി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.