കേരളം വീണ്ടും നിപ ഭീതിയിൽ; കോഴിക്കോട് മരിച്ചവർക്ക് രോഗം സ്ഥിരീകരിച്ചു

Breaking Kerala

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

നിപ സ്ഥിരീകരണം നടന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന ഒരാള്‍ മരിച്ചത്. തുടർന്ന് ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

മരിച്ച രണ്ട് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 75 പേരുടെ പേരുവിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ ഒന്‍പത് വയസുള്ള കുട്ടി അടക്കം ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിഞ്ഞുവരികയാണ്. കുട്ടിയുടെ നില ഗുരുതരമാണ്. കനത്ത ജാഗ്രത നിലനില്‍ക്കുന്ന കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *