ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എന്നാല്‍ പ്രതിപക്ഷ മുന്നണിയിലെ നേതാക്കളോട് സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതെന്നും അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. എല്ലാ തിരഞ്ഞെടുപ്പിലും പ്രാദേശിക ഘടകങ്ങള്‍ ഉണ്ടാവും. എന്നാല്‍ രാജ്യത്തെ സാഹചര്യം 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിക്ക് ഇത്രയും അഹങ്കാരം പാടില്ല. ബിജെപി 31 ശതമാനം വോട്ട് നേടിയാണ് അധികാരത്തില്‍ എത്തിയത്. ബാക്കി 69 ശതമാനവും അദ്ദേഹത്തിന് എതിരാണെന്നും ഗെഹ്ലോട്ട് വിമര്‍ശിച്ചു. ഇന്ത്യാ മുന്നണിയുടെ ആദ്യയോഗം ബെംഗളൂരുവില്‍ ചേര്‍ന്ന ദിവസം തന്നെ എന്‍ഡിഎ ഭയത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു. ചന്ദ്രയാന്‍-3യുടെ വിജയത്തിന് പിന്നില്‍ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും പങ്കുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ചന്ദ്രയാന്‍ -3 യുടെ വിജയത്തില്‍ നെഹ്റുവിന്റെ സംഭാവന നിര്‍ണായകമാണ്. ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.