കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസില്‍ നടന് വിനായകന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് ശേഷമാണ് എറണാകുളം നോര്‍ത്ത് പൊലീസ് വിനായകന്റെ ഫോണ്‍ പിടിച്ചെടുത്തത്. കലൂരിൽ വിനായകന്റെ വീട്ടിലായിരുന്നു ചോദ്യം ചെയ്യല്‍.
പെട്ടെന്നുള്ള പ്രകോപനത്തിലാണ് ഫേസ്ബുക്കിൽ ലൈവ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകന് പൊലീസിനോടു പറഞ്ഞു. വീട് ആക്രമിച്ചെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന് പൊലീസിനെ അറിയിച്ചെന്നാണു റിപ്പോര്‍ട്ട്.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവുമായി വിലാപയാത്ര നടക്കുന്നതിനിടെയായിരുന്നു ഫെയ്സ്ബുക് ലൈവിലൂടെ വിനായകന്റെ വിവാദ പരാമർശം. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതോടെ നടൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.