സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായി മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശം. 3 പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു. എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. പലയിടങ്ങളിലും കനത്ത മഴയും ഓറഞ്ച് അലർട്ടും നിലനിൽക്കുന്നതിനെ തുടർന്നാണ് തീരുമാനം. പെരിയാറിലും ജലനിരപ്പ് ഉയർന്നു. മൂന്നടിയോളം ആണ് ജലനിരപ്പ് ഉയർന്നത്. ആലുവ ശിവക്ഷേത്രത്തിൽ ഉൾപ്പെടെ വെള്ളം കയറി.
