പാലാ നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയര്മാന് മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു. പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാരും യോഗത്തിന് എത്തിയില്ല. അവിശ്വാസം പരാജയപ്പെടുത്താന്‍ നിലവില്‍ ഇടഞ്ഞു നില്ക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ജില്ലാ നേതൃത്വം വിപ്പ് നല്‍കിയിരുന്നു. പുളിക്കകണ്ടം കൗണ്‍സിലര്‍മാരുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്‍കിയത് ലംഘിച്ച് വോട്ട് ചെയ്തവരുടെ കാര്യത്തില്‍ നേതൃത്വം തന്നെയാണ് അഭിപ്രായം പറയേണ്ടതെന്ന് ബിനു പുളിക്കകണ്ടം പ്രതികരിച്ചു. യുഡിഎഫ് നേതൃത്വത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിര്‍ദേശമനുസരിച്ചാണ് ഞങ്ങള്‍ ഭരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പക്ഷം ഞങ്ങളോടൊപ്പം നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ വിമതരാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തിരിക്കുന്നത് – ബിനു പറഞ്ഞു.
