‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Breaking

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെയാണ് നടപടി. പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. അനില്‍കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. കേസിന്റെ പുനരന്വേഷണത്തില്‍ പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു. പ്രത്യേക അന്വേഷണ സംഘമല്ല ആരായാലും അന്വേഷണ റിപ്പോര്‍ട്ടില്ലാതെ എങ്ങനെ കേസ് പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. ശേഷം കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ വകുപ്പുകള്‍ ചേര്‍ത്ത റിപ്പോര്‍ട്ടാണ് എസ്ഐടിക്ക് ഇന്ന് സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങള്‍ പോലും കോടതിയെ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതും കോടതിയെ ഇന്ന് ചൊടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *