തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി സി ജോസഫ് വിജയ്. ആൽവാർപേട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി വിജയ്‌യെ എം കെ സ്റ്റാലിനും മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. വസതിയിലെത്തിയ വിജയ്‌യെ ഉദയനിധി ഹസ്തദാനം നൽകി ആലിംഗനം ചെയ്താണ് വരവേറ്റത്. തുടർന്ന് എം കെ സ്റ്റാലിനും വിജയ്‌യെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം പൊന്നാടയണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ആദരവ് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സ്റ്റാലിനുമായി നടത്തുന്ന വിജയ്‌യുടെ ആദ്യ സന്ദർശനമാണിത്. തീര്‍ത്തും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമാണെന്നാണ് ഇരുവിഭാഗവും വിശേഷിപ്പിച്ചത്. നേരത്തെ പുതിയ മന്ത്രിസഭ അധികാരമേറ്റയുടൻ ഒപ്പുവെച്ച സുപ്രധാന തീരുമാനങ്ങളെ സ്റ്റാലിൻ സ്വാഗതം ചെയ്യുകയും വിജയ്‌ക്ക് ആശംസകൾ നേരുകയും ചെയ്തിരുന്നു.
