അഞ്ച് പതിറ്റാണ്ടിന് ശേഷം ചന്ദ്രന് അരികിലെത്തിയ ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി. ഇന്ന് രാവിലെ 5.37നാണ് സംഘം പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. ദൗത്യ സംഘത്തിലെ നാല് പേരെയും പേടകത്തിന് പുറത്തെത്തിച്ചു. എല്ലാവരെയും ലൈഫ് ബോട്ടിലേക്ക് മാറ്റി. ഏപ്രില്‍ രണ്ടിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.05 -ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍ നിന്നായിരുന്നു ചാന്ദ്രദൗത്യത്തിന് തുടക്കമായത്. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ആദ്യ രണ്ടു ദിവസം രണ്ടുവട്ടം ഭൂമിയെ വലംവച്ചശേഷമാണ് ഒറൈണ്‍ പേടകം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏപ്രില്‍ ആറിന് ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് ആര്‍ട്ടെമിസ് ടു സഞ്ചാരികള്‍ നേടി.
