ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി; ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

Breaking

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്നും ഒറൈണ്‍ പേടകം പുറത്തു കടക്കും. ചന്ദ്രോപരിതലത്തില്‍ നിന്നും 6545 കിലോമീറ്റര്‍ അടുത്തുവരെയെത്തിയ പേടകത്തിലെ സഞ്ചാരികള്‍ സൂര്യഗ്രഹണത്തിനും സാക്ഷിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൂണാര്‍ ഫ്ളൈബൈയ്ക്കുശേഷം യാത്രികരുമായി സംസാരിച്ചു. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലോടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്. അതിനു മുമ്പായി ഭൂമിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് യാത്രികര്‍ നേടി. അപ്പോളോ 13 ദൗത്യത്തിലെ യാത്രികരുടെ റെക്കോര്‍ഡ് ആണ് ആര്‍ട്ടെമിസ് 2 ഭേദിച്ചത്. ഏഴു മണിക്കൂറോളം നീണ്ട ചന്ദ്രനെ വലംവയ്ക്കുന്ന ദൗത്യത്തില്‍, പുലര്‍ച്ചെ 4.14ന് പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ 40 മിനിട്ടു സമയം പേടകത്തില്‍ നിന്നും ഭൂമിയിലേക്കും തിരിച്ചുമുള്ള സിഗ്‌നലുകള്‍ തടസ്സപ്പെട്ടു. പുലര്‍ച്ചെ 4.32-ന് ചന്ദ്രോപരിതലത്തില്‍ നിന്നും പേടകം ഏറ്റവും അടുത്തുനില്‍ക്കുന്ന, 6545 കിലോമീറ്ററിലെത്തി. പുലര്‍ച്ചെ 6.05 മുതല്‍ 53 മിനിറ്റോളം സൂര്യഗ്രഹണത്തിനും പേടകത്തിലെ സഞ്ചാരികള്‍ സാക്ഷിയായി.

Leave a Reply

Your email address will not be published. Required fields are marked *