ടോക്കിയോ: കഴിഞ്ഞ നാല് ദിവസങ്ങളില്‍ തായ്വാനും ജപ്പാനിലെ ഒകിനാവ ദ്വീപുകള്‍ക്കും സമീപമുള്ള കടലില്‍ രണ്ട് റഷ്യന്‍ നാവികസേന കപ്പലുകള്‍ കണ്ടതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം. കിഴക്കന്‍ തീരത്ത് രണ്ട് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കണ്ടതായും നിരീക്ഷണത്തിനായി വിമാനങ്ങളും കപ്പലുകളും അയച്ചതായും തായ്വാന്‍ പ്രതിരോധ മന്ത്രാലവും ചൊവ്വാഴ്ച അറിയിച്ചു.
ജാപ്പനീസ് പ്രദേശത്തിന് സമീപം ചൈനീസ് സേനയുമായുള്ള സംയുക്ത അഭ്യാസമുള്‍പ്പെടെ റഷ്യ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ജപ്പാന്റെ ദേശീയ സുരക്ഷയെക്കുറിച്ച് ‘ഗുരുതരമായ ആശങ്ക’ ഉളവാക്കുന്നതായി ജപ്പാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യയ്ക്കെതിരെ വിപുലമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് ജപ്പാനും തായ്വാനും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഒപ്പം ചേര്‍ന്നിരുന്നു.
ജപ്പാനിലെ ഏറ്റവും പടിഞ്ഞാറുള്ള ദ്വീപായ യോനാഗുനിയില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി, തായ്വാനിലെ ഒകിനാവ പ്രിഫെക്ചറില്‍ ചൊവ്വാഴ്ച രാവിലെയാണ് രണ്ട് സ്റ്റെറെഗുഷ്ചി ക്ലാസ് ഫ്രിഗേറ്റുകള്‍ കണ്ടതെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യോനാഗുനിക്കും തായ്വാനും ഇടയിലുള്ള കടലിലൂടെ സഞ്ചരിച്ച് കിഴക്കോട്ട് നീങ്ങിയ കപ്പലുകള്‍ വെള്ളിയാഴ്ച മിയാകോയ്ക്കും ഒകിനാവയ്ക്കും ഇടയിലുള്ള കടലില്‍ അവസാനമായി കാണപ്പെട്ടു. റഷ്യന്‍ കപ്പലുകളെ നിരീക്ഷിക്കാന്‍ ജപ്പാന്‍ രണ്ട് കപ്പലുകള്‍ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.