എരുമേലി ∙ മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ നട തുറക്കുന്നതിനു മുന്നോടിയായി എരുമേലിയിൽ വൻ തീർഥാടക പ്രവാഹം. ഇന്ന് വൃശ്ചികം ഒന്ന്. പതിനായിരക്കണക്കിനു തീർഥാടകരാണ് 2 ദിവസമായി എരുമേലിയിൽ എത്തി പേട്ടതുള്ളി ആചാര അനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കെഎസ്ആർടിസി ഇന്നലെ വൈകിട്ടു വരെ 90 സർവീസുകളാണ് പമ്പയ്ക്ക് നടത്തിയത്. തീർഥാടക വാഹനങ്ങളുടെ തിരക്കുമൂലം എരുമേലി നഗരത്തിലെ പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞു. ഗതാഗത നിയന്ത്രണങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ആയി 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് എരുമേലിയിലും ശബരിമല പാതയിലും നിയോഗിച്ചിട്ടുള്ളത്.
