ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാർഷികം. ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിലും സാമൂഹിക വിഷയങ്ങളിലും കേരളം മാതൃക സൃഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപേ സഞ്ചരിച്ചു. എന്നാൽ അറുപത്തി ഒൻപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും പ്രതിസന്ധികളും സംസ്ഥാനത്തിന് മുന്നിലുണ്ട്. 1956 നവംബർ ഒന്നിന് ഭാഷായുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. സാമൂഹ്യ സാമ്പത്തിക രംഗത്തെ, ഭൂപരിഷ്‌കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണസമരങ്ങൾ തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങൾ.
