പാലക്കാട്: കഞ്ചാവ് വേട്ടയ്ക്കായി വനത്തിലെത്തി കുടുങ്ങി പോയ പോലീസ് സംഘം തിരിച്ചെത്തി. 14 അംഗ സംഘമാണ് രാവിലെയോടെ തിരിച്ചെത്തിയത്. 12 മണിക്കൂർ വനത്തിൽ കുടുങ്ങി കിടന്ന പോലീസ് സംഘത്തെയാണ് തണ്ടർബോൾട്ടും റെസ്ക്യൂ സംഘവും രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെയാണ് അഗളി ഡിവൈഎസ്പി ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വനത്തിലേക്ക് പോയത്. വനത്തിൽ വൻ തോതിൽ കഞ്ചാവ് തോട്ടം നടത്തുന്നുണ്ടെന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കിയാണ് ഇവർ ഇവിടേക്ക് യാത്ര തിരിച്ചത്. എന്നാൽ കഞ്ചാവ് തോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങിയപ്പോഴേക്കും രാത്രിയായതിനാൽ സംഘത്തിന് വഴി തെറ്റി പോവുകയായിരുന്നു. പോലീസ് സംഘത്തിന് വെള്ളവും ഭക്ഷണവും നൽകിയ ശേഷം രാവിലെയോടെ ഇവരെ തിരിച്ച് നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.