Mohanlal Talks About Controversies

എന്റെ സ്വഭാവം അങ്ങനെയാണ്; ഞാന്‍ വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ്: മോഹന്‍ലാല്‍

Entertainment Local News

വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ ശ്രമിക്കാറില്ലേയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍.
തന്റെ ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു അവതാരകന്‍ ഈ ചോദ്യം ചോദിച്ചത്.പൊതുബോധത്തിന് അനുസരിച്ച് നീങ്ങാന്‍ സാധിക്കാത്ത ഒരാളാണ് മോഹന്‍ലാല്‍ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, അത് താങ്കളുടെ നിഷ്‌കളങ്കത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന വിലയിരുത്തലുണ്ടെന്നും അവതാരകന്‍ പറഞ്ഞു.
‘എന്റെ സ്വഭാവം അങ്ങനെയാണ്. അതിലും വലിയ കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. വെറുതെ സന്തോഷത്തോടെ ഇരുന്നാല്‍ പോരെ. വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
അപ്പോഴും അറിയാതെ പെട്ട് പോകുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് പ്ലാന്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളല്ല താനെന്നും തനിക്ക് അങ്ങനെ പെടുന്നതിലോ തന്നെ പറ്റി ആരെങ്കിലും പറയുന്നതിലോ ഒരു കുഴപ്പവുമില്ലെന്നും താരം പറയുന്നു.

‘നോക്കൂ, എന്താണ്? നിങ്ങളും ഇത്തരം വിവാദങ്ങളില്‍ പെടില്ലേ. എല്ലാവരും പെടില്ലേ. പ്ലാന്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളല്ല ഞാന്‍. എനിക്ക് അങ്ങനെ പെടുന്നതിലോ എന്നെ പറ്റി പറയുന്നതിലോ ഒരു കുഴപ്പവും ഇല്ല.
ഇത്രയും വര്‍ഷമായിട്ട് സിനിമയില്‍ അഭിനയിച്ചിട്ട് എനിക്ക് പുതുതായി ഒരു മോഹന്‍ലാല്‍ എന്ന് കാണിക്കേണ്ട ആവശ്യമില്ല. ഇത് അഹങ്കാരത്തോടെ പറയുകയല്ല, സത്യസന്ധമായ കാര്യമാണ് പറയുന്നത്.
പെടുക എന്ന വാക്കല്ല, അത് നമ്മള്‍ ഒരു കമന്റ് പറഞ്ഞു, പിന്നെയുള്ളത് മറ്റുള്ളവരുടെ ഇന്റപ്രട്ടേഷനാണ്. ഞാന്‍ ഹലോ എന്ന് പറഞ്ഞ ശേഷം നിങ്ങള്‍ എന്നോട് എന്തിനാണ് ഹലോ പറഞ്ഞതെന്ന് ചോദിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ കേട്ട ഹലോയില്‍ ഉള്ള കുഴപ്പമാണ്. ഞാന്‍ പറഞ്ഞത് വളരെ സത്യസന്ധമായിട്ടാകും,’ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ നായകനായി ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന ജീത്തു ജോസഫ് ചിത്രമാണ് നേര്. സുപ്രധാനമായ കേസിന്റെ പശ്ചാത്തലത്തിലുള്ള ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *