Sabarimala Sannidanam

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം; നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

Breaking Kerala Local News

അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടും തുടരുന്നുണ്ട്. ഗതാഗത കുരുക്കിനും ശമനമുണ്ടായതോടെ ബസ് സര്‍വീസും സാധാരണ നിലയിലായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. നിലയ്ക്കലിലെ പാർക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഗണിക്കും. എത്ര വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് പത്തനംതിട്ട ആർ ടി ഒ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇതാകും ഹൈക്കോടതി വിശദമായി പരിശോധിക്കുക. തിരക്ക് നിയന്ത്രിക്കാൻ പുതുതായി സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കും. സന്നിധാനത്തടക്കം വരുത്തിയ പുതിയ ക്രമീകരണങ്ങൾ തിരുവിതാകൂർ ദേവസ്വം ബോർഡും കോടതിയെ ധരിപ്പിക്കും. ശബരിമലയിലെത്തുന്ന തീർഥാടർകർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കോടതി ഇന്നലെ സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിർദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിനാകും ഹൈക്കോടതി ശബരിമലയിലെ വിഷയങ്ങൾ സംബന്ധിച്ചുള്ള കേസ് വീണ്ടും പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *